10:24pm 22 August 2026
NEWS
കൊല്ലംകാരോട് വെളച്ചിലെടുക്കല്ലേ...; കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി നേടിയ അരോമ ചുണ്ടന്റെയും ബോട്ട് ക്ലബ്ബിന്റെയും കഥ
22/08/2026  08:23 PM IST
nila
 കൊല്ലംകാരോട് വെളച്ചിലെടുക്കല്ലേ...; കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി നേടിയ അരോമ ചുണ്ടന്റെയും ബോട്ട് ക്ലബ്ബിന്റെയും കഥ

ആലപ്പുഴ: കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി സ്വന്തമാക്കി ചരിത്രമെഴുതി അരോമ ചുണ്ടനും അരോമ ബോട്ട് ക്ലബ്ബും വാർത്തകളിൽ നിറയുകയാണ്. 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അരോമ ചുണ്ടൻ ജലരാജാവായത്. ആരാണ് ഈ അരോമ ചുണ്ടനും അരോമ ബോട്ട് ക്ലബ്ബിനും പിന്നിലുള്ളത്? എവിടെ നിന്നാണ് ഇവരെത്തിയത് തുടങ്ങിയ ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലും ഉയരുന്നത്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ബോട്ട് ക്ലബ്ബുകളെയും പാരമ്പര്യം പറയാനുള്ള ചുണ്ടൻ വള്ളങ്ങളെയും പിന്നിലാക്കിയാണ് അരോമ നെഹ്റു ട്രോഫി നേടിയത്. 

വള്ളംകളി സീസണിലെ ആദ്യ മത്സരമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ കിരീടം നേടിയ അരോമ, നെഹ്റു ട്രോഫിയിലും മികവ് ആവർത്തിച്ചാണ് കരുത്ത് തെളിയിച്ചത്. പുതിയ വള്ളത്തിന്റെ ആദ്യ സീസണിൽ തന്നെ രണ്ട് പ്രധാന കിരീടങ്ങൾ സ്വന്തമാക്കാനായത് അരോമ ബോട്ട് ക്ലബ്ബിന് അപൂർവ നേട്ടമായി.

കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ. സജീവിന്റെ നേതൃത്വത്തിൽ 2026-ലാണ് അരോമ ചുണ്ടൻ നീരണിഞ്ഞത്. അരോമ ബിസിനസ് ഗ്രൂപ്പ് നിർമിച്ച വള്ളത്തിന്റെ കന്നിസീസണിൽ തന്നെ നെഹ്റു ട്രോഫി സ്വന്തമാക്കിയത് ടീമിന്റെ കൃത്യമായ തയ്യാറെടുപ്പിന്റെയും പരിശീലനത്തിന്റെയും ഫലം കൂടിയാണ്.

രഞ്ജിത്ത് സജീവ് കൊച്ചുമ്മൻ ക്യാപ്റ്റനായും ജിതിൻ വർഗീസ് ലീഡിങ് ക്യാപ്റ്റനായും ടീമിനെ നയിച്ചു. 85 തുഴച്ചിൽക്കാരും അഞ്ച് അമരക്കാരും ഒൻപത് നിലക്കാരുമാണ് അരോമയ്ക്കായി അണിനിരന്നത്.

നീരണഞ്ഞ് 13-ാം ദിവസമാണ് അരോമ ചുണ്ടൻ ആദ്യമായി മത്സരത്തിനെത്തിയത്. ചമ്പക്കുളം മൂലം ജലോത്സവത്തിൽ പ്രമുഖ ടീമുകളെ പിന്നിലാക്കി രാജപ്രമുഖൻ ട്രോഫി നേടിയായിരുന്നു അരോമയുടെ വരവറിയിക്കൽ. തുടർന്ന് നെഹ്റു ട്രോഫിയിലും വിജയം ആവർത്തിക്കുകയായിരുന്നു.

ചമ്പക്കുളം കൊണ്ടാക്കൽ പള്ളി ഹാളിൽ തുഴച്ചിൽ താരങ്ങൾക്കായി 40 ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ശാരീരികവും മാനസികവുമായ കരുത്ത് വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾക്ക് ശേഷമാണ് തുഴച്ചിൽ പരിശീലനം നടത്തിയത്. രാവിലെയും വൈകിട്ടുമായി പൂക്കൈതയാറിലായിരുന്നു പരിശീലനം.

ചുണ്ടൻവള്ളങ്ങളുടെ ശിൽപി സാബു ആചാരിയാണ് അരോമ ചുണ്ടന്റെ നിർമാണം നിർവഹിച്ചത്. 128 അടി നീളവും 64 ഇഞ്ച് വീതിയും 22 ഇഞ്ച് ആഴവുമുള്ള വള്ളമാണ് അരോമ.

കന്നിയങ്കത്തിൽ തന്നെ ചമ്പക്കുളത്തും പിന്നാലെ പുന്നമടയിലും കിരീടം നേടിയ അരോമ ചുണ്ടന്റെ മുന്നേറ്റം വള്ളംകളി ചരിത്രത്തിലെ അപൂർവ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച പരിശീലനവും സംഘാടനവും തന്ത്രപരമായ തുഴച്ചിലും ഒത്തുചേർന്നപ്പോൾ പുതിയ ചുണ്ടൻവള്ളം ആദ്യ സീസണിൽ തന്നെ കേരളത്തിന്റെ വള്ളംകളി ചരിത്രത്തിൽ തന്റേതായ ഇടം ഉറപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img